Chandran Moscow Radio
  • Intro
  • Choose Language :
  • ENG
  • MAL
  • RUS
Moscow Chandran






ആമുഖം

പഴയ കാല    സോവിയറ്റ്  യൂണിയന്‍റെ  തലസ്ഥാനമായ  മോസ്കോ നഗരം . മഞ്ഞു  മൂടിയ ശൈത്യകാലത്തെ ഒരു വെണ്മയാർന്ന മരവിച്ച ദിവസം . ബെർച്ചു മരത്തിന്‍റെ  ചില്ലകളിൽ മഞ്ഞിന്‍റെ നനുത്ത പാളികൾ  ശോകമുണർ ത്തുന്ന  നിശബ്ദ  ഗീതികൾ പൊഴിക്കുന്നു .1983 ഫെബ്രുവരി 17 തീയതിയായിരുന്നു ഞങ്ങൾ ( പാട്രീസ് ലുമുംബ  യൂണിവേഴ്സിറ്റി യിലെ  മലയാളി  വിദ്യാർത്ഥികൾ ) മോസ്കോ നഗരത്തിൽ  സ്ഥിതി ചെയ്യുന്ന ഹവാൻസ്കോയ്  സിമിത്തേരിയിൽ എത്തിച്ചേർന്നത് . ഞങ്ങൾക്കെല്ലാവർക്കും  സുപരിചിതനായ ശ്രീ .ചന്ദ്രശേഖർ (മോസ്കോ  ചന്ദ്രൻ) ചില്ലു പെട്ടിയിൽ അനക്കമില്ലാതെ കിടക്കുന്നു . 25  വർഷക്കാലം  മോസ്കോ  റേഡിയോയിലെ  മലയാളം  ചാനൽ  വഴി ലോകത്തെമ്പാടുമുള്ള  മലയാളികൾക്ക് സുപരിചിതമായിരുന്ന ചന്ദ്രന്‍റെ  ശബ്ദം  നിലച്ചു പോയിരുന്നു . അടഞ്ഞ  കണ്ണുകളെ മൂടി നിന്നിരുന്ന കറുത്ത ഫ്രയിമുള്ള  കണ്ണട വലതു കൈ കൊണ്ട് എടുത്തു മാറ്റി ചന്ദ്രനു മാത്രം സ്വത:സിദ്ധ മായുള്ള നിഷ്കളങ്കമായ ചിരി വിടർത്തി ഇനിയും അദ്ദേഹം എഴുന്നേറ്റു  വരുമോ ?

 

അക്കാലത്തു  ചന്ദ്രനുമായി  ഇടപഴകി  മോസ്കോ റേഡിയോയിലെ  ഞായറാഴ്ചകളിലെ  മലയാളം സംപ്രേക്ഷണങ്ങൾ  നിർവഹിച്ചു ചന്ദ്രന്‍റെ  സഹായിയായി മോസ്കോവിൽ വിദ്യാർത്ഥിയായിരുന്ന ഞാൻ പ്രവർത്തിച്ചിരുന്നു . ചന്ദ്രന്‍റെ  ശവസംസ്കാര ചടങ്ങിൽ  പങ്കെടുക്കാനാണ് ഞങ്ങളെല്ലാവരും  എത്തിയിരുന്നത്. ചന്ദ്രന്‍റെ  റഷ്യക്കാരി  ഭാര്യ ഏള , മകൾ കരീന, കുറച്ചു  ബന്ധുക്കൾ,  മോസ്കോ റേഡിയോയിലെ ചന്ദ്രന്‍റെ  ചില സഹ പ്രവർത്തകർ,ഡോ. ചെറിയാൻ , ഡോ.സോമൻ , കെ.പി.പ്രദീപ്‌, അരുണ്‍ മഞ്ഞാപ്ര , ഡോ.യു.പി .ആർ. മേനോൻ മുതലായവരും, വളരെ യാദൃശ്ചികമായി മോസ്കോവിൽ എത്തി ചേർന്ന മുൻ മുഖ്യമന്ത്രി ശ്രീ.പി .കെ.വാസുദേവൻ‌ നായരും ചടങ്ങിൽ സംബന്ധിച്ചിരുന്നു. 1954 മുതൽ മോസ്കോ സന്ദർശിച്ചിട്ടുള്ള എല്ലാ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്കും മോസ്കോവിൽ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കാനെത്തിയ മുഴുവൻ മലയാളി വിദ്യാർത്ഥികൾക്കും സുപരിചിതനായിരുന്നു ശ്രീ.ചന്ദ്രൻ. പാട്രീസ് ലുമുംബ യൂണിവേഴ്സിറ്റിയിലെ  വിദ്യാർത്ഥികളെ ഒഴിവ് ദിവസങ്ങളിൽ സംഘടിപ്പിച്ചു ലോക കാര്യങ്ങൾ ചർച്ചചെയ്യുന്ന ഒരു പദ്ധതി  ശ്രീ.ചന്ദ്രന്‍റെ നേതൃത്വത്തിൽ നടന്നു വന്നിരുന്നു. ഏതൊരു മരണ വീട്ടിലേയും പോലെ ശോകമയമുള്ള അടക്കിപിടിച്ച സംഭാഷണങ്ങൾ  വളരെ പതുക്കെ നിശ:ബ്ദതയെ കവർന്നെടുക്കാൻ തുടങ്ങി.ചടങ്ങിൽ സംബന്ധിച്ച ശ്രീ.പി .കെ.വാസുദേവൻ‌ നായർ പറഞ്ഞു ഈ കിടക്കുന്നയാൾ ചന്ദ്രനല്ല, ധീരനായ ഒരു പഴയകാല കമ്മ്യൂണിസ്റ്റ്‌ നേതാവാണ്‌, കോട്ടയത്ത് ചിങ്ങവനത്ത്‌ ജനിച്ച ശ്രീ.തോമസ്‌ സഖറിയാസാണ് പിൽകാലത്ത് ചന്ദ്രൻ എന്ന പേരിൽ മോസ്കോവിൽ ജീവിച്ചിരുന്നത്. തുടർന്നു  ചന്ദ്രൻ കൽക്കട്ടയിലെ ജയിലിൽ നിന്നും രക്ഷപെട്ട് രാഷ്ട്രീയ അഭയം തേടി റഷ്യയിൽ എത്തിയ കഥയും   ശ്രീ.പി .കെ.വാസുദേവൻ‌ നായർ വിവരിച്ചു .

 

മരണത്തിന്‍റെ  ഗന്ധവും പേറി  കണ്ണീരിന്‍റെ ഉപ്പിൽ ആമഗ്നരായി നിൽക്കുകയായിരുന്ന ഞങ്ങളെല്ലാവരും വിസ്മയത്തോടെയാണ് പി.കെ.വി.യുടെ വാക്കുകൾ കേട്ടത്. ചന്ദ്രനെ ചൂഴ്ന്നു  നിന്നിരുന്ന മൂടൽ മഞ്ഞിന്‍റെ പുകമറയെല്ലാം തുടച്ചു നീക്കി അദ്ദേഹത്തിന്‍റെ കഥ പി.കെ.വിയുടെ വ്യക്തമായ വടിവൊത്ത ഭാഷയിൽ കേട്ടുനിന്നിരുന്ന ചന്ദ്രന്‍റെ  പ്രിയപ്പെട്ടവരായ  ഞങ്ങളെല്ലാം  വിസ്മയ സ്തബ്ധരായി നിലകൊണ്ടു .

1952-ൽ  റഷ്യയിൽ ചികിത്സയ്ക്കും രാഷ്ടീയ അഭയം തേടിയും എത്തിയ തോമസ്‌ സഖറിയാസ് ചന്ദ്രനായി തീർന്ന കഥ. ജോസഫ്‌ സ്റ്റാലിനുമായി നേരിട്ടു ബന്ധമുണ്ടായിരുന്ന ആ കമ്മ്യൂണിസ്റ്റുകാരൻ തന്‍റെ  അമ്പത്തെട്ടാമത്തെ വയസ്സിൽ നിര്യാതനായി . ഒത്തിരി മലയാളി വിദ്യാർത്ഥികളുടെ സ്നേഹ ചന്ദ്രനായി കുളിർമ്മയുള്ള പ്രകാശമായി നിലകൊണ്ടിരുന്ന ശ്രീ.ചന്ദ്രൻ അന്ന് കെട്ടടങ്ങുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ ശ്രീമതി.ഏള യുടെ  ഓർമ്മക്കുറിപ്പുകളാണ് തുടർന്നുള്ള പേജുകളിൽ ചുരുൾ നിവരുന്നത്‌.
സി.എസ്.സുരേഷ്


, This Article is available in the following Language(s):
  • Malayalam
Please contact memorialarchive.org, if you have any queries or comments about the journals or general publishing issues.
Memorial Archive is a website owned by See Positive